……………………………………………………………………………………………………..
തിരിച്ചറിവ് തുടങ്ങുന്നതു മുതൽ ജീവിതാവസാനം വരെ നമ്മുടെ കൂടെ ഉണ്ടാവുന്ന കൂട്ടുകാർ പുസ്തകങ്ങൾ മാത്രമാണ്. വാക്കുകൾക്കൊപ്പമുള്ള സൗഹൃദങ്ങൾ എന്നും അമൂല്യമാണ്. ‘നാടിന്റെ തലച്ചോറ് ‘ എന്നുതന്നെ പറയാം, വായനശാലകളെ. പുസ്തകങ്ങളുടെ കലവറയായ ഗ്രന്ഥാലയങ്ങൾ എക്കാലവും ഗ്രാമങ്ങളുടെ അറിവിന്റെ സിരാകേന്ദ്രങ്ങൾ ആണ്. വായനശാലകളിലെ സൗഹൃദം പുസ്‌തകങ്ങളുമായുള്ള ആത്മബന്ധങ്ങൾക്കു പരി മനുഷ്യർ തമ്മിലെ ഹൃദയബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നതിൽ വലിയ പങ്കുവഹിച്ചിരുന്നു. പുസ്തകളിൽനിന്നു കിട്ടിയിരുന്ന അറിവിനേക്കാൾ എത്രയോ വലുതായിയുന്നു, വായനശാലകളിൽ ചേരുന്ന കൂട്ടായ്മകളിലെ സംഭാഷണങ്ങളിൽ നിന്നും ചർച്ചകളിൽനിന്നും കിട്ടിയിരുന്ന അറിവുകൾ. ഭാഷാസംശുദ്ധി കൈവരിക്കാനും ഭാഷാ വബോധം വളർത്താനും വായനശാലകൾ വഹിക്കുന്ന പങ്ക് എത്രയോ വലുതാണ്.
വായനശാലകളുമായി ബന്ധപ്പെട്ട് ആഹ്ലാദപ്രദമായ ഒട്ടേറെ നല്ല ഓർമകൾ എല്ലാവരുടെയും ഉള്ളിലുമുണ്ടാകും. ഓണക്കാലത്ത് രസകരമായ പലതരം കളികളും പ്രശ്നോത്തരിയുമൊക്കെ പല വായനശാലകളിലും വൻ ജനപങ്കാളിത്തത്തോടെ എപ്പോഴും നടന്നു വരുന്നുണ്ട്. ഗ്രാമങ്ങളിലൂടെ യാത്ര ചെയ്യുമ്പോൾ നമ്മുടെ കുട്ടിക്കാലവും മറ്റും ഇന്നലത്തെപ്പോലെ ഓർമ്മവരും.
അതിരാവിലെ എണീറ്റ് പൂക്കൾ പറിച്ചു മുറ്റത്തു പൂക്കളമിട്ട് പുതു വസ്ത്രങ്ങൾ ധരിച്ച് ഞങ്ങളും വായനശാലയിലെ മത്സരങ്ങളിൽ ഏറെ ആവേശത്തോടെ പങ്കെടുക്കുമായിരുന്നു. ഓണക്കാലങ്ങളിൽ വായനശാലകളിൽ എത്തിയാൽ പ്രായവ്യത്യാസമോ നാടിന്റെ വ്യത്യാസമോ ഇല്ലാതെ എല്ലാവരും ഒത്തൊരുമിച്ചു ഓണം ആഘോഷിക്കുമായിരുന്നു.
നാടൻ കളികളാണ് മിക്കവാറും നടത്തി വരാറ്. സമ്പൽസമൃദ്ധിയുടെയും പൂക്കളുടെയും ആ നാളുകളെ ഞങ്ങളെല്ലാം ഹൃദയം കൊണ്ട് തൊട്ടറിഞ്ഞിരുന്നു. സുന്ദരിക്ക് പൊട്ടുതൊടൽ, ഉറിയടി, ബലൂൺ പൊട്ടിക്കൽ, കസേരകളി, പാളയിൽ വലിച്ചുള്ള ഓട്ടം, കബഡി കളി …. അങ്ങനെ എന്തെല്ലാമെന്തെല്ലാം!
മത്സരങ്ങളിൽ പങ്കെടുക്കുന്നവരെ കൂടാതെ കണ്ടുനിൽക്കുന്നവരും എല്ലാംമറന്നു ആവേശം കൂട്ടിയിരുന്നു. മത്സരങ്ങൾക്കിടയിൽ വരാറുള്ള മഴ, അതിന്റെ താളത്തിനൊപ്പമുള്ള വടംവലി (കമ്പവലി എന്ന് മലബാറിൽ) മത്സരവും ഏറെ ആവേശഭരിതമായിരുന്നു. കാലമേറെ കഴിഞ്ഞിട്ടും ഇന്നും പലയിടങ്ങളിൽ ഇതെല്ലാം സംഘടിപ്പിച്ചുവരുന്നത് കാണുമ്പോൾ ആ കുട്ടിക്കാലം, മനസ്സിൽ അറിയാതെ ഒരു ചലച്ചിത്രമെന്നപോൽ തെളിഞ്ഞുവരും.
ഇപ്പോൾ നിറപ്പകിട്ടുള്ള അത്തരം കാഴ്ചകളെല്ലാം തന്നെ മൊബൈൽ ഫോണിൻ്റെ ചില്ലുകൊണ്ടുള്ള ചെറുകിളിവാതിലിൽക്കൂടിനോക്കി ആസ്വദിക്കുവാനാണ് ഏറെപ്പേർക്കുമിഷ്ടം. ആരവങ്ങളും ആഘോഷങ്ങളുമൊക്കെ നിന്നുപോയിട്ട് ഇപ്പോൾ കാലങ്ങളേറെയായി.
സൗഹൃദങ്ങളില്ലാതെ, കൂട്ടായ്മകളില്ലാതെ, നാലുചുവരുകൾക്കുള്ളിൽ തളച്ചിട്ട മനുഷ്യർ അന്തമറ്റ മാനസിക വിഭ്രാന്തികൾക്കുള്ളിൽ കുടുങ്ങിപ്പോയിരിക്കുന്നു. വിഷമങ്ങൾ ഉള്ളിലൊതുക്കി ഒരു അഗ്നിപർവ്വതത്തെ പ്പോലെ സ്വയമുരുകിയും ഇടയ്ക്കിടെ പൊട്ടിത്തെറിച്ചും കഴിയുന്ന തീക്കുന്നുകൾ!
കൂട്ടായ്മകൾ തിരിച്ചു വരുമെന്നും, അതിരുകൾ മറന്ന് എല്ലാവരും പഴയതുപോലെ ആഘോഷങ്ങളുടെയും ആരവങ്ങളുടെയും ലോകത്തേക്ക് മുങ്ങിത്താഴുമെന്നും നമുക്ക് പ്രത്യാശിക്കാം.
Commentaires