…………………………………………………………………………………
പ്രായമേറുന്തോറും കുട്ടിക്കാലത്തേക്ക് പോകാൻ ആഗ്രഹിക്കുന്നവരാണ് നമ്മിൽ മിക്കവരും. കുട്ടിക്കാലത്തെ മധുരമുള്ള ഓർമ്മകൾ കൂട്ടുകാരോടും ജീവിതപങ്കാളിയോടും പങ്കുവെയ്ക്കാത്തവരായി ആരും ഉണ്ടാകുമെന്നു തോന്നുന്നില്ല. കുട്ടിക്കാലത്തെ പലതരം കളികൾ ഓർക്കുന്നില്ലേ? വീടുകെട്ടി അച്ഛനും അമ്മയുമായി കളിക്കുക, ചിരട്ടകൾ കൊണ്ട് മണ്ണപ്പം ചുട്ടുള്ള കളികൾ… അങ്ങനെ കളികൾ പലവിധമാണ്. ഈ കളികളിൽ നമുക്ക് ഏറെ പ്രിയപ്പെട്ട ഒരു കളിയായിരുന്നു പാള വണ്ടി വലിച്ചുള്ള കളി. ബെൻസ് കാറുകൾക്ക് തുല്യമായിരുന്നു, നമുക്ക് ആ പ്രകൃതിദത്തവണ്ടികൾ. അതിൽ കയറി ഇരുന്നു വലിച്ചു കുപ്പായത്തിലെല്ലാം മണ്ണും ചെളിയും പുരണ്ട് വീട്ടിൽ പോകാൻ എന്തുരസമായിരുന്നു! ഇന്നും ഗ്രാമങ്ങളിലെ കുട്ടികൾ ഈ പാളയിലിരുന്നു കളിക്കുന്നത് കാണുമ്പോൾ അതിൽ ഇരുന്നു പോകാൻ നമ്മുടെ ഉള്ളിൽ ഇപ്പോഴും ആഗ്രഹം ഉണ്ടാകാറില്ലേ? ഗ്രാമങ്ങളിൽ ഓണക്കാലത്തുള്ള കളികളിൽ പാളയിൽ വലിച്ചുള്ള കളി സർവ്വസാധാരണമാണ്. ഇപ്പോൾ ചക്രങ്ങളോടുകൂടിയ പാള പോലത്തെ കളിപ്പാട്ടങ്ങൾ വിപണിയിൽ സുലഭമാണ്.
ഔഷധ ഗുണങ്ങൾ ഏറെയുണ്ട് പാളയിൽ. മികച്ച antibiotic ആണതെന്ന് ശാസ്ത്രം സാക്ഷ്യപ്പെടുത്തുന്നു. കൈക്കുഞ്ഞുങ്ങളെ മുത്തശ്ശിമാർ പാളയിൽ കിടത്തിയാണ് കുളിപ്പിക്കാറ്. ഇന്ന് ഇതൊക്കെ എത്രപേർക്ക് അറിയാം? കുഞ്ഞുങ്ങളെ പാളയിൽ കിടത്തുമ്പോൾ കിടന്നു ഉരുളുകയില്ലെന്നതും പ്രായോഗികചിന്തയിൽ വരുന്ന കാര്യമാണ്.
കുറച്ചു കാലം മുൻപുവരെ തൊടിയിൽ പണിക്ക് വരുന്നവർ പാളയിൽ കഞ്ഞി കുടിക്കുന്നത് നിത്യകാഴ്ചയായിരുന്നു. ഇന്ന് ഇതെല്ലാം അന്യം നിന്നിരിക്കുന്നു.
പാളകൊണ്ടുള്ള പാത്രങ്ങൾക്ക് ഇന്ന് ആവശ്യക്കാർ ഏറി വരികയാണ്. പാള കൊണ്ടുള്ള പാത്രങ്ങൾ ഉണ്ടാക്കുന്ന യന്ത്രങ്ങളും ഇന്ന് സുലഭം. പാള വിശറിയും ഏറെ പ്രചാരത്തിൽ ഉള്ളതാണ്. കവുങ്ങിൻ കൃഷി ചെയ്യുന്ന ഇടങ്ങളിൽ പാളയും ഇലയും കത്തിച്ചു അതിന്റെ വെണ്ണീർ കൃഷിക്ക് ഉപയോഗിക്കാറുണ്ട്.
പുതിയകാലത്തിൽ നിന്നും അപ്രത്യക്ഷമാവുന്ന നന്മകളുടെ കൂട്ടത്തിൽ പ്രകൃതിയുടെ ഈ വരദാനം പെട്ടു പോകാതിരുന്നെങ്കിൽ!
Comments