‘ചൊട്ടയിലെ ശീലം ചുടലവരെ’യെന്ന പഴഞ്ചൊല്ല് എല്ലാരീതിയിലും അർത്ഥവത്താണ്. കുട്ടിക്കാലത്ത് മനസ്സിലാക്കിയതും അഭ്യസിച്ചതുമായ കാര്യങ്ങൾ പിന്നീടുള്ള ജീവിതരീതിയിലും നമ്മുടെ സ്വഭാവത്തിലും പ്രതിധ്വനിക്കുമെന്ന് മുതിർന്നവർ പറയുമായിരുന്നു. കളിവീട് വെച്ച് മണ്ണപ്പം ചുട്ട് അച്ഛനും അമ്മയും കളിച്ചതും, മണ്ണപ്പം കൊണ്ട് കൂട്ടുകാരെയെല്ലാം സത്കരിച്ചതുമെല്ലാം മറക്കാൻ പറ്റാത്തത് തന്നെയാണ്. കളിവീട് വെച്ച് കളിക്കുന്നതു കൊണ്ട് സാമൂഹികമായുള്ള പല കാര്യങ്ങളും കുട്ടിക്കാലത്തുതന്നെ ആരും പറഞ്ഞു കൊടുക്കാതെ തന്നെ കുഞ്ഞുങ്ങൾ മനസിലാക്കുന്നു. നമ്മളിൽ പലരും ഈ കളികളൊക്കെ കളിച്ചവരാണ്. പക്ഷേ ഇന്ന് നാം നമ്മുടെ കുട്ടികളെ ഇതിൽനിന്നു വിലക്കുന്നു. കൂട്ടുകുടുംബവ്യവസ്ഥ നിലനിന്നിരുന്ന കാലത്ത് വീട്ടിലെ മുതിർന്നവർ ഒരുമിച്ചു പണിയെടുക്കുകയും കുട്ടികൾ ഒരുമിച്ചു കളിക്കുകയും ചെയ്തിരുന്നു. ഇന്ന് അണുകുടുംബം ആയപ്പോൾ നാലുചുവരുകൾക്കുള്ളിൽ തളച്ചിടുന്ന ബാല്യം, മുതിരുമ്പോൾ എങ്ങനെയായിരിക്കുമെന്ന്ആലോചിക്കുമ്പോൾത്തന്നെ ആശങ്കയാണ്.
കുട്ടികൾക്ക് മുന്നിൽ എന്നും മാതൃക മുതിർന്നവരാണ്. മുതിർന്നവരെ അനുകരിച്ചാണ് പല കളികളും. കളിവീട്ടിൽ സാരിയുടുത്തും മുണ്ടുടുത്തും കുട്ടികൾ മുതിർന്നവരെ മാതൃകയാക്കുന്നു. അടുക്കളയിൽ അമ്മ ചെയ്യുന്ന പാചകം മുതൽ പുകവലിക്കുന്ന അച്ഛനെ വരെ കുട്ടികൾ കളികളിൽ അനുകരിക്കുന്നു. അച്ഛനമ്മമാരുടെ ഓരോ ചലനവും സസൂക്ഷ്മം നിരീക്ഷിക്കുന്ന കുട്ടികൾ നല്ലതും മോശവുമായ കാര്യങ്ങൾ അപ്പാടെ ഗ്രഹിച്ചെടുക്കുന്നു. കുട്ടികൾക്ക് എന്നും മാതൃക അവരുടെ അച്ഛനമ്മമ്മാർ തന്നെയാകണം. മറ്റാരെയെങ്കിലും ചൂണ്ടിക്കാണിച്ചിട്ട് ‘അവരെപ്പോലെ പെരുമാറൂ’ എന്ന് പറയാനുള്ള അവസരം ഉണ്ടാക്കരുത്.
കണ്ണട, വാച്ച് അങ്ങനെ യുള്ള പലതും മുതിർന്നവർ ഉപയോഗിക്കുന്നത് കണ്ടിട്ടാണ് കുട്ടികളും അതുപോലെ വേണമെന്ന് ആഗ്രഹിക്കുന്നത്. തെങ്ങോല ഉപയോഗിച്ച് കണ്ണട ഉണ്ടാക്കിയിട്ട് അതിലൂടെ അവർ കാണുന്ന ലോകം സാങ്കൽപ്പികം മാത്രമാണ്. അച്ഛനും അമ്മയും ആകുന്നതും സങ്കല്പത്തിൽമാത്രം.
അവധിക്കാലത്ത് മച്ചുനന്മാരുടെയും പെങ്ങൻമ്മാരുടെയും കൂട്ടുകാരുടെയും കൂടെ കളിവീട്ടിൽ കളിക്കുമ്പോൾ പ്രായവ്യത്യാസം പോലും മറക്കുമായിരുന്നു. എല്ലാവരും ഒരുപോലെ ഓരോരോ വേഷങ്ങൾ തിരഞ്ഞെടുക്കാറുണ്ടായിരുന്നു. അത്തരം കളികളിലെ കഥാപാത്രങ്ങളുടെ അടുപ്പവും സൗഹൃദവുമെല്ലാം മുതിർന്നപ്പോഴും നമ്മുടെയെല്ലാം ഉള്ളിൽത്തന്നെയുണ്ടല്ലോ. ചെറുപ്പത്തിൽ അടുത്തറിഞ്ഞവരെ വേർപിരിയാൻ വിഷമമാണ്. ‘ഏഴു വർഷത്തിലധികം നീണ്ടു നിൽക്കുന്ന സൗഹൃദം വേർപെട്ടു പോകില്ല’യെന്നാണല്ലോ ശാസ്ത്രം.
നമുക്കും നമ്മുടെ കുട്ടികൾക്ക് കളിവീട് ഉണ്ടാക്കിക്കൊടുത്ത് കുടുംബബന്ധങ്ങളുടെയും സൗഹൃദങ്ങളുടെയും വിലയും ആഴവും പരപ്പും മനസിലാക്കിക്കൊടുക്കാം. അങ്ങനെ വരുംകാലത്തെയും അത്തരം നന്മകളാൽ നിറയ്ക്കാം.
Comments