കേരളത്തിന്റെ ആവാസവ്യവസ്ഥയിൽ കാവുകൾക്കുള്ള പ്രാധാന്യം എത്രയോ വലുതാണ്. ഒരു നാടിന്റെ തന്നെ ശ്വാസകോശമാണത്. നിത്യഹരിതാഭമായ കാവുകൾ എത്രയോ ജീവജാലങ്ങളുടേയും പക്ഷിമൃഗാദികളുടേയും ആശ്രയസ്ഥാനമാണ്. എത്രയോ മനുഷ്യരുടെ ജീവിതോപാധി കൂടിയാണത്.
ദ്രാവിഡസംസ്കാത്തോട് ഏറെ ബന്ധമുണ്ട് കാവുകൾക്ക്. സ്ത്രീ ദേവതകളെ ഏറെ ആരാധിച്ചു പോന്നിരുന്ന ദ്രാവിഡ സംസ്കാരത്തിൽ അധിഷ്ഠിതമായ കാവുകളാണ് കേരളത്തിൽ ഏറെയും. ശിവൻ, വിഷ്ണു മുതലായ ദൈവങ്ങൾ ഉള്ള സ്‌ഥലം അമ്പലം എന്നും പറയപ്പെടുന്നു.
കുളങ്ങളും വയലുകളും ബന്ധപ്പെട്ടുള്ള കാവുകൾ ഓരോ സമൂഹത്തെയും സ്വാധീനിക്കുന്നത് പല രീതിയിൽ ആണ്. ചില കാവുകൾ ദേവതമാരുടെ വാസസ്ഥലമാണെന്നാണ് വിശ്വാസം. ഉത്തരകേരളത്തിലെ അനുഷ്ഠാനകലയായ തെയ്യങ്ങൾ കാവുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. തെയ്യങ്ങൾ മാത്രമല്ല സർപ്പപ്പാട്ട്, പുള്ളുവൻപാട്ട്, കളംപാട്ട് മുതലായവയും കാവുകളുമായി ബന്ധപ്പെട്ടു കിടക്കുന്നു. പ്രാചീനകാലം മുതൽക്ക് പ്രകൃതിയെയും വൃക്ഷങ്ങളെയും ആരാധിക്കുന്ന പതിവ് നിലനിൽക്കുന്നതിനാൽ വനത്തെ ഉപജീവന മാർഗമായി കണ്ടിരുന്ന ജനങ്ങൾ കാവുകളെ പുണ്യശാലമായി കണക്കാക്കിയിരുന്നു. ഏതു വിശ്വാസം ആയാലും പ്രകൃതിയെ സംരക്ഷിക്കുക എന്നതാണ് ഈ കലകളുടെയെല്ലാം സന്ദേശം.
ഗ്രാമത്തിലെ കാവുകൾ നാട്ടിലെ ഭൂഗർഭജലനിരപ്പ് നിലനിർത്താനും അത്യപൂർവ ഔഷധസസ്യങ്ങളുടെ കലവറയായും ഗ്രാമീണരുടെ ജീവിതത്തിൽ ഏറെ സ്വാധീനം ചെലുത്തിയിരുന്നു. നിത്യഹരിതവനങ്ങളിൽ മാത്രം കാണാറുള്ള തമ്പകം, വങ്കോട്ട, ഇലവംഗം, വെട്ടി മുതലായ മരങ്ങൾ കാവുകളിൽ കാണാനാകും.
ഉത്തരകേരളത്തിലെ കാവുകളെക്കുറിച്ചും, കാവുകളുടെ നാശം സമൂഹത്തിൽ വരുത്തുന്ന മാറ്റങ്ങളെ ക്കുറിച്ചും പഠനങ്ങൾ നടന്നുവരുന്നുണ്ട്. കാവുകളിലെ കുളങ്ങളും മണിക്കിണറുകളും പ്രദേശത്തെ വറ്റാത്ത ജലസ്രോതസ്സാണ്. “കാവുതീണ്ടിയാൽ കുളം വറ്റും” എന്ന പഴമൊഴി, കാവുകളുടെ തനിമ നിലനിർത്തുന്നതിൽ പൂർവ്വികർ ഏറെ ശ്രദ്ധാലുക്കളായിരുന്നു എന്നതിനു തെളിവാണ്.
Comments