…………………………………
ഒരിക്കലും മറക്കാൻ പറ്റാത്ത ചില യാത്രകളുണ്ട്. അങ്ങനെയുള്ള യാത്രകൾ നമ്മളിൽ പലർക്കും ഏകദേശം ഒരുപോലെയുമായിരിക്കും. അത്തരത്തിലുള്ള ഒരു യാത്രയാണ് പണ്ടത്തെ പ്രൈവറ്റ് ബസിൽ അമ്മയുടെ കൂടെ ബസ്സിന്റെ മുന്നിൽ ഉള്ള പെട്ടിപ്പുറത്തു ഇരുന്നുള്ള യാത്ര. മഴക്കാലമെങ്കിൽ ആ യാത്രക്ക് മധുരം കൂടും. എന്റെ ചെറുപ്പത്തിൽ അത്തരത്തിലുള്ള യാത്രയിൽ ബസ് ഞാനാണ് ഓടിക്കുന്നത് എന്നുപോലും സങ്കല്പിച്ചിട്ടുണ്ട്. മിക്കവാറും അവധിക്കാലത്ത് അച്ഛനമ്മമാരുടെ കൂടെ ഗ്രാമത്തിൽ പോകുന്നതാണ് ഓർമയിൽ അധികവും. പട്ടണത്തിൽ നിന്ന് കയറി കുന്നും മലകളും കാടുകളും ബസ്സിലെ പെട്ടിപ്പുറത്തിരുന്നു കാണുവാൻ പ്രത്യേക രസമായിരുന്നു. പട്ടണത്തിൽ നിന്ന് ഗ്രാമത്തിലേക്ക് പോകുന്നവരെ മിക്കവാറും എല്ലാവർക്കും പരിചയവുമുണ്ടാകും. കുറെ നാളുകൾക്കുശേഷം കാണുകയാൽ വിശേഷങ്ങൾ പങ്കുവച്ചായിരിക്കും അമ്മയുടെ യാത്ര. പണ്ട് കൂടെ പഠിച്ചവർ, കൂട്ടുകൂടി നടന്നവർ ഒക്കെയുണ്ടാവും ആ കൂട്ടത്തിൽ. ചെറുപ്പത്തിൽ അമ്മ സ്കൂളിലേക്ക് പോയ വഴികളും എല്ലാം കാണിച്ചു തരും. ഏറെ ആകാംക്ഷയോടെ ഞാനത് കേട്ടിരിക്കുമായിരുന്നു.
ഞൊട്ടങ്ങ, മുട്ടാമ്പുളി, കാരപ്പഴം അങ്ങനെ നീണ്ടുനിൽക്കും അമ്മയുടെ സ്കൂൾ യാത്രയിലെ സ്വാദുകൾ. പോകുന്നവഴിയിൽ റോഡിനിരുവശവും കളിയാട്ടത്തിന്റെ പരസ്യങ്ങൾ കാണാം. എല്ലാവർഷവും കാണാറുള്ളതാണെങ്കിൽക്കൂടിയും, അപ്പോഴെല്ലാം കൗതുകം കൂടിക്കൂടി വരുമായിരുന്നു. കടുംചുകപ്പ് നിറമുള്ളതും, തീപ്പന്തത്തിലും, പൊയ്ക്കണ്ണുകളുമുള്ള തെയ്യക്കോലങ്ങൾ എന്നും അത്ഭുതങ്ങൾ നിരത്തുന്നവയായിരുന്നു. കുട്ടികൾക്ക് ഏറെ ഇഷ്ടമുള്ളത് കളിപ്പാട്ടങ്ങൾ ആണല്ലോ. ബലൂണുകളിലും നിറപ്പകിട്ടാർന്ന നാടൻ കളിക്കോപ്പുകളിലും ആയിരുന്നു എന്റെ ശ്രദ്ധ മുഴുവൻ. കളിയാട്ടത്തിനു പോയാൽ അവിടെ ആ ഗ്രാമത്തിൽ ഉള്ളവരിൽ പലർക്കും ഞങ്ങളെ പരിചയമുണ്ടാകും. പലരും ബലൂണുകളൊക്കെ വാങ്ങിത്തരികയും ചെയ്യും. കളിയാട്ടം കഴിഞ്ഞു പാടത്തുകൂടി കളിക്കോപ്പുകളുമായി കുട്ടികൾ പോകുന്നത് കാണുന്നതുതന്നെ ഉത്സവപ്രതീതി ഉണ്ടാക്കും. മിക്കവാറും ആ ഗ്രാമീണവഴികളിൽ തണ്ണീർപ്പന്തലുകൾ ഉണ്ടാകാറുണ്ടായിരുന്നു. അവിടുന്ന് കിട്ടുന്ന സംഭാരം, അതിന്റെ സ്വാദ് അതിനെപ്പറ്റി പറയുമ്പോൾ തന്നെ വായിൽ വെള്ളമൂറും. പാടത്തും തൊടിയിലും സമപ്രായക്കാരുടെ കൂടെ കളിക്കുന്നതും ഏറെ ഇഷ്ടമായിരുന്നു. കളികഴിഞ്ഞു കുളത്തിൽ ഒരു മുങ്ങിക്കുളി. കുളി എന്നാണ് പറഞ്ഞിരുന്നതെങ്കിലും, കുളത്തിലും കളിയായിരുന്നു മിക്കവാറും എല്ലാവരും കൂടി. ഉയരമുള്ള പടവുകളിൽ നിന്ന് ചാടി മറിഞ്ഞു പലകളികളും കളിച്ചു തിമിർത്തുന്ന കുട്ടിക്കാലം എന്നും അതിമനോഹരമാണ്. ആഘോഷത്തിമിർപ്പ് മൂർദ്ധന്യാവസ്ഥയിൽ എത്തുമ്പോളായിരിക്കും അവധി അവസാനിക്കാറാകുന്നത്. കടുത്ത വേദനയോടെയാകും കൂട്ടുകാരെവിട്ടു തിരിച്ചു പട്ടണത്തിലേക്കു പോകുന്നത്. ബസ്സിന് മുന്നിലെ പെട്ടിപ്പുറത്തിരുന്ന് ഗ്രാമത്തിലേക്ക് തിരിച്ചുള്ള ആ യാത്രകൾക്ക് അത്ര മധുരമുണ്ടാകാറില്ല.
കാലമെത്രതന്നെ കഴിഞ്ഞാലും നമുക്കും നമ്മുടെ കുട്ടികളോട് പറയാൻ ഈ അനുഭവങ്ങൾ നമ്മുടെ മനസിൽ എന്നും ഒരു നോവായി, മധുരമായി ഉണ്ടാകും. അവർക്കും ഇനി അവർക്കു പിന്നാലെ വരുന്ന തലമുറയ്ക്കും പറഞ്ഞു കൊടുക്കാൻ ഇതുപോലെയുള്ള എന്തെങ്കിലുമൊക്കെ അനുഭവങ്ങൾ ഉണ്ടാകുമോ ആവോ?
Comments