………………………………………………………………………..
ഭാരതത്തിലെ പല വിദ്യാലയങ്ങളും മാവിൻചുവട്ടിലാണ് തുടങ്ങിയത്. വലിയ കെട്ടിടങ്ങളോ മറ്റു സൗകര്യങ്ങളോ ഇല്ലാത്ത ഗ്രാമങ്ങളിൽ ഇപ്പോഴും ഒരുപാട് വിദ്യാലയങ്ങൾ മാവിൻചുവട്ടിൽത്തന്നെ പ്രവർത്തിക്കുന്നുണ്ട്. ഏകാദ്ധ്യാപക വിദ്യാലങ്ങളാണ് ഇതിലേറെയും. നമ്മുടെ നാട്ടിലെ പല വിദ്യാലയങ്ങളിലും ചിലപ്പോൾ അദ്ധ്യാപകർ മാവിൻചുവട്ടിൽ പഠിപ്പിക്കാറുണ്ട്. ഈ മഹാമാരിയുടെ കാലം ഏല്ലാം തകർത്തെറിഞ്ഞങ്കിലും ഏറെ വൈകാതെ നഷ്ടപ്പെട്ട ആ കാലം തിരിച്ചുവരുമെന്ന് നമുക്ക് പ്രത്യാശിക്കാം. ഹൈസ്ക്കൂളിൽ പഠിക്കുന്ന കാലത്തു ഞങ്ങളുടെ വിദ്യാലയത്തിലും ചിലപ്പോൾ അദ്ധ്യാപകർ മാവിൻചുവട്ടിൽ വെച്ച് ക്ലാസ്സെടുക്കാറുണ്ടായിരുന്നു. എന്നും ഇത് കാണുമ്പോൾ എപ്പോഴും ഇതുപോലെ മതിയായിരുന്നു എന്ന തോന്നൽ ഇപ്പോഴും മധുരമായി ഉള്ളിൽ ഉണ്ട്.
നല്ല കാറ്റുകൊണ്ട് അദ്ധ്യാപകർ ചൊല്ലിത്തരുന്ന കവിതകൾ ഏറ്റു പാടിയിരുന്നു കുട്ടികൾ. ആ പാട്ട് പലപ്പോഴും ആ മാവും ആസ്വദിക്കുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്. മാവ് കുട്ടികളുടെ ശബ്ദത്തോടൊപ്പം കാറ്റിന്റെ താളത്തിൽ കലപില കൂട്ടാറുണ്ടായിരുന്നു. ആ മാവിൽ സ്‌ഥിരതാമസക്കാരായ കിളികളും അണ്ണാറക്കണ്ണന്മാരും മാവിനൊപ്പം കുട്ടികളോട് ചേർന്ന് കളിച്ചിരുന്നു. നാല് ചുമരുകൾക്കുപുറത്ത് വലിയൊരു ലോകം കണ്ട് പഠിക്കാൻ താല്പര്യമില്ലാത്തവരായി ആരും ഉണ്ടാവില്ലെന്ന് തോന്നുന്നു. ഇന്നും കണ്ണുകൾ അടച്ചു കുട്ടിക്കാലത്തേക്ക് സഞ്ചരിക്കുമ്പോൾ ആ കലപിലശബ്ദത്തേക്കാൾ വലുതായി മറ്റൊന്നും ഇല്ല എന്ന തിരിച്ചറിവ് കിട്ടുന്നു. മാനം മുട്ടി നിൽക്കുന്ന വലിയ കെട്ടിടങ്ങൾക്കുള്ളിൽ ഇരുന്നു പഠിക്കുന്നതിനേക്കാൾ സന്തോഷവും ഉത്സാഹവും മാവിൻകീഴെ പ്രവർത്തിക്കുന്ന വൈദ്യാലങ്ങളിൽ ഉണ്ടാകുമെന്നത് സംശയമില്ലാത്ത കാര്യമാണ്.
പണ്ടുകാലത്തെ വീടുകളിലെ മുറ്റത്തിന്റെ ഒരു കോണിൽ മാവുകൾ സർവ്വസാധാരണമായിരുന്നു. മാവിൻചുവട്ടിൽ കസേരവെച്ചു ഇരുന്നു വീട്ടിലെ കാരണവൻമാർ ഏറെനേരം പലവിഷയങ്ങളും പങ്കുവെയ്ക്കുമായിരുന്നു. വീട്ടിലെ പലരുടെയും പഠിപ്പും ഈ മാവിൻചുവട്ടിൽ തന്നെയായിരുന്നു. മാനം മുട്ടിനിൽക്കുന്ന കെട്ടിടങ്ങളിലെ കൂട്ടിലേക്ക് ചേക്കേറുമ്പോൾ നമുക്ക് നഷ്ടപ്പെടുന്നത് ഇത്തരം ചെറിയ ചെറിയ ഗൃഹാതുര സ്മരണകൾ ആണ്. ഇനി തിരിച്ചു വരാൻ സാധ്യതയില്ലാത്ത ഓർമകൾ.
മാവിൻചുവട്ടിൽ ഇരുന്നു പഠിപ്പിക്കുമ്പോഴും പഠിക്കുമ്പോഴുമുള്ള ഗുണഗണങ്ങൾ അനവധിയാണ്. പഴങ്ങളിലെ രാജാവ് എന്നാണല്ലോ മാമ്പഴത്തിന്റെ വിശേഷണം. അതുപോലെ തന്നെയാണ് അതിന്റെ ഇലകളുടെയും ഗുണങ്ങൾ. വിറ്റാമിൻ സി, അയൺ തുടങ്ങി മറ്റനേകം ധാതുക്കളും മാമ്പഴത്തിലും ഇലകളിലും അടങ്ങിയിക്കുന്നു. വിളർച്ച, ദഹനമില്ലായ്മ, രക്തസമ്മർദം, പ്രമേഹം തുടങ്ങി പല രോഗങ്ങൾക്കും ഔഷധമാണ് മാമ്പഴവും അതിന്റെ ഇലകളും. മാവില കൊണ്ടു ഒരിക്കലെങ്കിലും പല്ലുതേക്കാത്തവരായി ആരെങ്കിലും ഉണ്ടാകുമോ? വായിൽവരുന്ന പല അസുഖങ്ങളും ഈ പല്ലുത്തേക്കൽ കൊണ്ട് നമുക്ക് തടയാൻ പറ്റും. അനേകം മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിനോടൊപ്പം നമുക്ക് മാവിൻതൈകളും നട്ടുപിടിപ്പിക്കാം. മാവിൻചുവട്ടിലെ സൗഹൃദങ്ങൾക്കു വേരിടാം. മാവിൻചുവട്ടിൽ കൂടി യിരുന്നു നമുക്കും വിദ്യ അഭ്യസിക്കാം. ഈ കഷ്ടകാലമൊന്ന് കഴിഞ്ഞു കിട്ടിയിരുന്നെങ്കിൽ!
コメント